ഇടിവാള്‍

-- എ ബ്ലഡി മല്ലു --

അച്ഛാ..ബഹുത്ത് അച്ഛാാ..

Wednesday, January 21, 2015

ലക്ഷ്മി നേഴ്സിങ്ങ്  ഹോമിന്റെ ഓപെറേഷൻ തീയറ്റെറിന്റെ മുന്നിലെ കസേരയിൽ ഇരിപ്പു തുടങ്ങിയിട്ട് ഒന്നൊന്നര മണീക്കൂറായി..മാനസിക സംഘർഷത്തിന്റെ കാത്തിരിപ്പിനൊടുവിൽ വാതിൽ തുറന്ന് ഒരു നേഴ്സ് പറഞ്ഞു.. "ഓപെറേഷൻ കഴിഞ്ഞു പ്രശ്നമൊന്നുമില്ല..ആരെങ്കിലും ഒരാൾക്ക് അകത്തു വന്നു കുട്ടിയെ കാണാം"  ഞാൻ ഭാര്യയെ നോക്കി.. "നിങ്ങൾ പൊയ്ക്കോളൂ" എന്ന അർത്ഥം അവളുടെ കണ്ണുകളിൽ നിന്നു വായിച്ചെടുത്ത് ഞാൻ അകത്തേക്കോടി.  വെളിച്ചം കുറഞ്ഞ് ഒരിടനാഴിയിലൂടെ പോസ്റ്റ് ഓപെറേറ്റിവ് റൂമിലേക്കു ഓടുമ്പോൾ കാലുകളിൽ കല്ലുകെട്ടിയ ഒരു തോന്നലായിരുന്നു..വെറും മീറ്ററുകൾ ദൂരം കാതങ്ങൾ പോലെ.. മുറിയിൽ ഒരു സ്റ്റ്രെച്ചറീൽ പച്ച നിറത്തിൽ കുഞ്ഞു പേഷ്യന്റ് ഗൗണിൽ എന്റെ പൊന്നുമോൾ.. അടുത്ത് ഒരു നേഴ്സുണ്ടെങ്കിലും പരിഭ്രമം നിറഞ്ഞ അവളുടെ മുഖത്ത് എന്നെക്കണ്ടപ്പോൾ വേദന മറന്നുകൊണ്ടുള്ള ചിരി നിറഞ്ഞു...ഇടത്തേ ചെവിയിൽ ബാൻഡേജ് വച്ച് കെട്ടിയിരിക്കുന്നു... അടുത്ത് ചെന്നു നെറുകയിൽ ഉമ്മവച്ചുകൊണ്ടു ചോദിച്ചു.."വേദനയുണ്ടോ മോളൂ.."

ഉണ്ടേന്ന അർത്ഥത്തിൽ അവൾ തലകുലുക്കി.. 
"ഏയ്, ഒന്നും പേടിക്കാനില്ല.. എല്ലാം ഓകെയാണു..ഇതൊക്കെ വളരേ ചെറിയ കേസല്ലേ.." നേഴ്സ് എന്നെനോക്കി പറഞ്ഞു...

"അച്ഛാ..വിശക്കുന്നു"  മീര എന്നെ നോക്കി പതിയെപ്പറഞ്ഞു..

ഇപ്പോൾ കുഞ്ഞിനൊന്നും കൊടുക്കാൻ പറ്റില്ല.. 2 മണിക്കൂർ കഴിഞ്ഞു മതി.. എന്നു പറഞ്ഞ് നേഴ്സ് അടുത്തിരുന്ന ഒരു ജഗിൽ നിന്നും ഒരു പ്ലാസ്റ്റിക് ഗ്ലാസിൽ ഒരു ഗ്ലാസ് വെള്ളം അവൾകു നേരെ നീട്ടി..

"റൂമിൽ വന്ന് അച്ഛ പൊന്നൂനു എല്ലാം വാങ്ങിത്തരാം കേട്ടോ".. ഒരല്പം ചിണുങ്ങലോടെ അവൾ ആ ഗ്ലാസിലെ വെള്ളം കുടിക്കുന്നതും നോക്കി ഞാൻ അവളുടെ തലയിൽ തടവിക്കൊണ്ടിരുന്നു..

'ഇനി പൊയ്ക്കോളൂ.. കുറച്ചു കഴിഞ്ഞാൽ കുഞ്ഞിനെ റൂമിലേക്കു കൊണ്ടു വരാം" എന്നു നേഴ്സ് പറഞ്ഞപ്പോൾ , സാരമില്ല സിസ്റ്റർ, ഞാനിവിടെ നിന്നോളാം എന്നു മറുപടി പറഞ്ഞു..

"അയ്യേ, ഇങ്ങനെ ടെൻഷനടിക്കാനൊന്നുമില്ല. ധൈര്യമായി പൊയ്ക്കോളൂ,, ചെവിയിലെ ഒരു ചെറിയ സ്കിൻ ടാഗ് എടുത്തു കളഞ്ഞതല്ലേ ഉള്ളൂ.. ഇതൊന്നും അത്ര വലിയ സർജറിയല്ല.. അച്ഛന്മാരല്ലേ ധൈര്യം കൊടുക്കണ്ടേ" എന്നു ഒരു ചെറുചിരിയോടെ നേഴ്സ്

മനസില്ലാമനസ്സോടെ തിരിഞ്ഞു നടന്നു. വാതിൽ കടക്കുമ്പോൾ ഒന്നുകൂടെ തിരിഞ്ഞു നോക്കി..മോൾ എന്നെത്തന്നെ നോക്കിയിരിപ്പാണു...തീയെറ്റർ പരിസരം അല്ലെങ്കിൽ അവിടെത്തന്നെയിരിക്കാമായിരുന്നു എന്നു മനസ്സിലോർത്തു..  ഓർമ്മകൾ പത്തുവർഷം പുറകോട്ടു പാഞ്ഞു...

അന്നു ഞാൻ ഒരു സർജറി കഴിഞ്ഞ് ആശുപത്രി റൂമിലാണു.. സിംഗിൾ റൂം കിട്ടിയില്ല.. ഷെയറീങ്ങ് ആണു..അതുകൊണ്ടു തന്നെ ഒരാൾക്കേ ബൈസ്റ്റാൻഡർ ആയി നിൽക്കാൻ അനുവാദമുള്ളൂ... വൈകീട്ട് ആറുമണിയോടെ വിസിറ്റേഴ്സ് ടൈം കഴിഞ്ഞപ്പോൾ, ഞാൻ  അച്ഛനോടു പൊയ്ക്കോളാൻ പറഞ്ഞു.. അമ്മയുണ്ടല്ലോ ഒപ്പം.. അച്ഛൻ നാളെ രാവിലെ കാണാം എന്നുപറഞ്ഞ് പുറത്തോട്ടിറങ്ങി... തൊട്ടപ്പുറത്തെ ബെഡിൽ ഒരെട്ടുവയസ്സുകാരി കുട്ടിയാണു.. ആ കുട്ടിയുടെ കൂടെ അതിന്റെ അച്ഛനാണു.. വൈകീട്ട് ഏഴേഴരയായപ്പോൾ, ആ കുട്ടിയുടെ അച്ഛൻ , ആശുപത്രി കാന്റീനിലേക്കു പോയി തിരിച്ചു വരുമ്പോൾ ഞങ്ങളോടു പറഞ്ഞു.. "മോന്റെ അച്ഛൻ പോയില്ലേ.."

"ഉവ്വല്ലോ" ..ഒരല്പം ശങ്കയോടെ അയാളെ നോക്കി..

"ഇല്ലല്ലോ..അച്ഛൻ ദാ ആശുപത്രിയുടെ പുറത്തുള്ള ആ കാർ പാർക്കിങ്ങിന്റെ അരികിൽ ഒരു ബെഞ്ചിൽ ഇരിപ്പുണ്ടല്ലോ.. നല്ല മഞ്ഞുണ്ട്..പുള്ളിയോട് ഇവിടെ വന്നിരിക്കാൻ പറയൂ. ഞങ്ങൾക്ക് ബുദ്ധിമുട്ടൊന്നുമില്ല"

പരിഭ്രമത്തോടെ അമ്മ പുറത്തോട്ടു പോയി..അഞ്ചു മിനിറ്റിൽ അച്ഛനേയും കൂട്ടി അമ്മ മുറിയിലേക്കു വന്നു.. 
"അച്ഛൻ എന്തേ ഇത്ര നേരമായിട്ടും പോയില്ല"..ഞാൻ ചോദിച്ചു..

"ഓ..ഈ നേരത്ത് ബസു കിട്ടുമോന്നു സംശയമായതോണ്ടാ പോകാതിരുന്നേ.."

"അതൊന്നുമല്ലടാ... നീയിവിടെ കിടക്കുമ്പോൾ അച്ഛൻ എങ്ങനെ പോവുമെന്നാ ചോദിക്കുന്നേ.. അതു നിന്നോടു സമ്മതിച്ചു തരാൻ ബുദ്ധിമുട്ട്" അമ്മയുടെ സ്വരം കുറ്റപ്പെടുത്തലിന്റെയല്ലായിരുന്നു തീർച്ച..

അച്ഛൻ അന്നു വീട്ടിൽ പോകാതിരുന്നതിന്റെ ആ കാരണം , അതിന്റെ ശരിക്കുമുള്ള തീവ്രതയിൽ ഞാൻ ഇപ്പോൾ അനുഭവിക്കയാണല്ലോ എന്നോർത്തു.. നെഞ്ചിൽ ഒരു വിങ്ങൽ.. പരാതിയും പരിഭവങ്ങളുമില്ലാത്ത ഉപാധികളില്ലാത്തെ സ്നേഹമായിരുന്നു അച്ഛൻ.. മിതഭാഷിയും പ്രത്യക്ഷത്തിൽ ഗൗരവക്കാരനും, മക്കളുടെ പഠിത്തത്തിന്റെ കാര്യത്തിൽ അതീവ കാർക്കശ്യക്കാരനും.. സ്നേഹം മനസ്സിലൊളിപ്പിച്ചിരുന്ന വ്യക്തിത്വം.. കൊല്ലത്തിൽ ഒരിക്കൽ മാത്രം  സ്റ്റാഫ് പാർട്ടിയിലോ മറ്റോ ഒരു പെഗു കഴിക്കുമ്പോൾ മാത്രം പുറത്തു വന്നിരുന്ന സ്നേഹപ്രകടനങ്ങൾ..എന്റെ തോളിൽ കുലുക്കിക്കൊണ്ട് ":നീയെന്റെ മോനാടാ" എന്നു പറയുന്നത് വർഷത്തിലൊരിക്കൽ കിട്ടിയിരുന്ന തമാശയായിരുന്നു എനിക്ക്.. ജീവിതത്തിന്റെ നേട്ടോട്ടത്തിനിടയിൽ പ്രവാസി പ്രയാസങ്ങൾക്കിടയിൽ. അച്ഛന്റെ സ്നേഹം കിട്ടിയ അളവിൽ പകുതി തിരിച്ചുകൊടുക്കാനായിട്ടില്ല എന്ന കുറ്റബോധമുണ്ട്.. അല്ലെങ്കിലും അച്ഛന്റെ സ്നേഹം അതേ തീവ്രതയിൽ തിരിച്ചുകൊടുക്കാൻ ഒരു മകനുമാവില്ല മകൾക്കുമാവില്ല...

 ആദ്യ ജോലിക്ക് കൊയമ്പത്തൂർ കൊണ്ടു വിടുമ്പോഴും, ഒരു വർഷത്തിനു ശേഷം ദുബൈലോട്ട് വിമാനം കയറ്റാൻ കൊണ്ടു വിടുമ്പോഴും ഒക്കെ യാത്രപറയുന്ന നേരത്തുള്ള അച്ഛന്റെ ആ നോട്ടം...സ്വന്തം കുഞ്ഞു പറന്നകലുമ്പോൾ കണ്ണിലെ അതേ ദൈന്യത, നെഞ്ചിലെ ആ പിടച്ചിൽ എല്ലാം ആ നോട്ടത്തിലുണ്ടായിരുന്നു... ഇരുപതുകാരനായിരുന്നിട്ടു പോലും അന്നും ഞാനൊരു കൈക്കുഞ്ഞായിരുന്നിരിക്കണം അച്ഛനു..

ഒരച്ഛൻ ആയെന്നറിഞ്ഞ ആ നിമിഷം ഞാനോർത്തു.. ഒരു പുലർച്ചെ രണ്ടുമണി നേരത്താണു ഞാനൊരച്ഛനായ കാര്യം അറിയുന്നത്..അതും 200 കിലോമീറ്റർ അകലെയുള്ളൊരു നഗരത്തിൽ.. ഒരു വ്യാഴവട്ടം മുമ്പുള്ള ആ ഫോണ്‌വിളി ഇപ്പോഴും കാതിലുണ്ട്..  "പ്രസവിച്ചൂട്ടാ.. പെൺകുഞ്ഞാണ്" പിന്നെ....ചെറിയൊരു പ്രശ്നമുണ്ട്.. ഇടതേ ചെവിയിൽ ചെറിയൊരു സ്കിൻടാഗ്" ഉണ്ട്..  ഉള്ളൊന്നു വിറച്ചു... "കുട്ടിക്കും അമ്മയ്ക്കും കുഴപ്പമൊന്നുമില്ല...പരിഭമിക്കേണ്ടാ" എന്ന മറുപടിയിൽ അത്ര വിശ്വാസമൊന്നും തോന്നിയില്ല... രണ്ടുമിനിറ്റിൽ ഒന്നു കുളിച്ചു ഫ്രഷായികാറുമെടുത്ത് യാത്ര... കഷ്ടി രണ്ടു മണീക്കൂറീൽ താണ്ടേണ്ട ദൂരം 50 മിനിറ്റിൽ തീർത്ത്, നിറച്ചു മുടിയും, നെറ്റിയിൽ പോലും രോമങ്ങളും, ഇടതുചെവിയിൽ ഒരിഞ്ചിന്റെ ഒരു സ്കിൻടാഗുമായി ഒരു ചോരക്കുഞ്ഞിനെ കൈയിലെടുത്ത് നെറ്റിയിൽ ചുംബിക്കുമ്പോൾ ഒരു  പുതിയ മനുഷ്യനാവുന്ന പരിണിതിയിലാണെന്നു ഞാനറിഞ്ഞില്ല .. അവൾ മാത്രമായിരുന്നു അപ്പോൾ എന്റെ ലോകത്തിൽ.. ആശൂപത്രിവെളിച്ചത്തിൽ കണ്ണു തുറക്കാനാവാതെ കീറിക്കരയുന്ന എന്റെ മകൾ മാത്രം.. ചുറ്റും നിൽക്കുന്ന ആരൊക്കെയോ എന്തൊക്കെയോ പറയുന്നുണ്ട്...ഞാൻ കേട്ടില്ല... ഞാനും എന്റെ കുഞ്ഞും മാത്രമേ ഈ ലോകത്തിലുള്ളൂ അപ്പോൾ.. രണ്ടുമണിക്കൂറിൽ കൊച്ചിന്റെ അച്ഛൻ വരും എന്നു ധാരണയിലിരുന്ന ഒരു മലയാളി നേഴ്സ് ഒരു മണിക്കൂറീനകം വന്ന കൊച്ചിന്റച്ഛനെക്കണ്ട് ഞെട്ടി... ഒരു പെൺകുഞ്ഞിന്റെ അച്ഛനുവേണ്ട ഉത്തരവാദിത്വങ്ങളെപ്പറ്റി ഒരു ചെറിയ പ്രഭാഷണവും തരാൻ അവർ മറന്നില്ല

ആ ഒരു ജനനത്തിൽ ഒരു മരണം സംഭവിച്ചു.. ആരുമറിയാതെ...  "കം-വാട്ട്-മേ ..ആരാടാ-ഞാനാണ്ട്രാ"  എന്ന ചിന്താഗതിയുള്ളൊരു പാവം എന്റെത്തന്നെ ശവകുടീരത്തിൽ  'ആറൈപി ഗെഡീ..ഐവ് ഗോട്ട് നോ ഓപ്ഷൻസ്..എക്സ്യൂസ് മീ" എന്നൊരു റീത്തും വച്ച് ഇറങ്ങിയതാണു അന്നു ... 

അച്ഛൻ..  A less fancied job? മാതൃത്വവുമായി നേരിട്ടൊരു താരതമ്യത്തിൽ എനിക്ക് തോന്നിയിയത് അതാണ്.. ഞാൻ വളർന്നു വന്ന മധ്യവർഗ മലയാളി സമൂഹത്തിന്റെ കാഴ്ചപ്പാടിൽ തികച്ചും ശരിയായേക്കാവുന്ന ഒരു വീക്ഷണം.വേദനയുടേയും സഹനത്തിന്റെയും ത്യാഗത്തിന്റേയും വിട്ടുവീഴ്ചയുടേയും, പത്തുമാസം നൊന്തുപെറ്റതിന്റെ കടപ്പാടുകളുടേയും നിലയില്ലാക്കയങ്ങളിൽ വിഹരിക്കുന്ന മാതൃത്വവുമായി താരതമ്യം പോലും അർഹിക്കുന്നോ ഈ പിതൃത്വം?   കുറ്റം പറയാനാവില്ല.. പല പാശ്ചാത്യരാജ്യങ്ങളിൽ നിന്നും വിഭിന്നമായി,  ഭാര്യ പ്രസവിക്കുന്നതു കാണുക പോലും വേണ്ടാത്ത ഒരു സംസ്കാരത്തിന്റെ വൈകാരിക ചിന്താഗതികൾ മറീച്ചായാലേ അത്ഭുതമുള്ളൂ..

ആറിലോ ഏഴിലോ പഠിക്കുമ്പോൾ പുതിയൊരു സൈകിൾ വേണമെന്ന അപേക്ഷ നിഷ്കരുണം നിരാകരിക്കപ്പെട്ടപ്പോൾ ഒന്നര ദിവസം എടുത്ത നിരാഹാര സമരം അമ്മയുടെ മടിത്തട്ടിൽ തളർന്നു വീണവസാനിച്ചപ്പോൾ, മനസ്സിൽ അമ്മയുടെ സ്നേഹമായിരുന്നു തുളുമ്പിയൊഴുകിയിരുന്നത്... പരിമിതമായ വരുമാനത്തിൽ നിന്നുകൊണ്ടും, ഒരു അച്ഛൻ-ഭർത്താവ്-സഹോദരൻ-മകൻ എന്നീ മൾട്ടിപിൾ റോളുകൾ അച്ഛൻ ഭംഗിയായി കൈകാര്യം ചെയ്തിരുന്നതൊക്കെ തിരിച്ചറിയാൻ  വർഷങ്ങളെടുത്തു...

വ്യക്തിപരമായി, പിതൃത്വം എനിക്കെന്തു നൽകി എന്നതിനു ഉത്തരങ്ങൾ ഒരുപാടുണ്ട്..   ഒരു വ്യക്തി എന്ന നിലയിൽ ഒരുപാടു മാറ്റങ്ങൾ എന്നിലുണ്ടായി എന്നു തീർത്തുപറയാം.. വിവാഹം കഴിഞ്ഞ് ഒന്നൊന്നര വർഷമായിട്ടും, പഴയൊരു "ബാച്ചി" സ്റ്റൈൽ ജീവിതം തന്നെയായിരുന്നു എന്റേത്..   സ്നേഹം, സഹതാപം,  ക്ഷമ, എന്നിവയൊക്കെ തിരിച്ചും പ്രതീക്ഷിക്കാതെയും നൽകാമെന്നു എന്നെ പഠിപ്പിച്ചത് എന്റെ മകളാണു, അഥവാ എന്നിലെ പിതൃത്വമാണു... രാത്രി ഓരോ മണീക്കൂറും ഇടവെട്ട് എഴുന്നേല്പിച്ചുകൊണ്ട് അവളെന്നെ ക്ഷമ പഠിപ്പിച്ചു.. ഒരു റേഡിയോ പോലെ കരഞ്ഞുകൊണ്ട് അവളെന്നിൽ സ്നേഹം സഹതാപം എന്നിവ അടിച്ചേല്പിച്ചു....എന്തിനധികം...പാറപ്പുറത്ത് ചിരട്ടയുരച്ച ശബ്ദത്തിന്റെ അവകാശിയായ എന്നെ അവളൊരു ഗായകനാക്കി.... കുറച്ചുകൂടി നല്ല മനുഷ്യനാക്കി!..അനന്തരഫലങ്ങൾ ഓർക്കാതെയുള്ള ചാടിപ്പുറപ്പെടലുകൾക്കും,  സാഹസികതകൾക്കും , അമിതവേഗങ്ങൾക്കും ഒരു വിരാമം. രണ്ടു വർഷത്തിനകം ഒരു മകൻ കൂടെ ജനിച്ചതോടെ ഇതൊക്കെ പൂർണ്ണമായും വിട്ടു പോയി എന്നു തന്നെ പറയണം...
അന്നു മകളെ കൈയിലെടുത്ത് ചുറ്റും മറന്നിരിക്കുമ്പോൾ ചിന്തകൾ  ഇരുപത്തിയഞ്ചു കൊല്ലങ്ങൾ പുറകേയ്ക്കു പോയി.. എന്റെ അച്ഛനും ഇതേ തീവ്രതയിലായിരിക്കണമല്ലോ എന്നെ സ്നേഹിച്ചതും?  .  

ഈ ലോകത്തെ  ഏറ്റവും മികച്ച അച്ഛൻ ആരാണെന്നുള്ള ചോദ്യത്തിനു നിങ്ങൾക്കും എനിക്കും ഒരേ ഉത്തരമേ കാണൂ..സ്വന്തം അച്ഛൻ.. പക്ഷേ എന്റെ കാര്യത്തിൽ ഭാര്യ പോലും സമ്മതിച്ചു തന്നു .. അറിഞ്ഞ ഒരൊറ്റ വർഷത്തിൽ തന്നെ അവൾ കണ്ടതിലെ ഏറ്റവും സ്നേഹനിധിയായിരുന്നു എന്റെ അച്ഛൻ എന്നു.. അവൾക്കൊരപേക്ഷയേ ഉള്ളൂ.. നിങ്ങളോടു അച്ഛൻ എങ്ങനെയായിരുന്നോ , അതുപോലെയായാൽ മതി നിങ്ങൾ നമ്മുടെ കുഞ്ഞുങ്ങളോടും!  അഞ്ചാം വയസ്സിൽ നെഞ്ചിൽ ചേർത്തു കിടത്തി പുരാണകഥകളും പാട്ടുകളും പാടിയുറക്കുന്ന എന്റെയച്ഛനെ അപ്പോഴാണു ഞാനോർത്തത്..   

ഒരാൺകുഞ്ഞിന്റെ അച്ഛൻ എങ്ങനെ എന്നതിനേക്കാൾ എത്രയോ വികാരപരമായ  വ്യാപ്തിയാണു ഒരു പെൺകുഞ്ഞിന്റെ അച്ഛൻ എന്ന നിലയിൽ  എനിക്കു തോന്നിയിട്ടുള്ളത്... തികച്ചും വ്യക്തിപരമാവാം..  ഒരാൺകുഞ്ഞിനു പിതാവാണു റോൾ മോഡൽ എന്നു ഞാൻ തിരിച്ചറീയുന്നത്, ഒരു മകനായല്ല, മറീച്ച് ഒരു ആൺകുഞ്ഞിന്റെ അച്ഛനായ ശേഷമാണ്... എന്റെ മകൻ അവന്റെ ഇരിപ്പിലും, നടപ്പിലും പോലും എന്നെ അനുകരിക്കുന്ന വിധങ്ങൾ ശ്രദ്ധിക്കുന്നതും, അതെങ്ങനെ വർഷങ്ങൾക്കു മുൻപേ എന്നിൽ അടിഞ്ഞുചേർന്നതെന്നും ഒക്കെ തിരിച്ചറിയുന്നത്  ഇന്നാണ്..   കുഞ്ഞുങ്ങളുടെ ദൈനംദിനാവശ്യങ്ങൾ, ആഗ്രഹങ്ങൾ കൃത്യമായി നടത്തിക്കൊടുത്തതുകൊണ്ടു മാത്രം ഒരാൾ ഒരു നല്ല പിതാവാകുന്നു എന്നെനിക്കഭിപ്രായമില്ല... വളർച്ചയുടെ ഓരോ ഘട്ടത്തിലും അവരെ ശ്രദ്ധിച്ച്, അവരോട് ആശയങ്ങൾ കൈമാറി, അവരുടെ പരിപ്രേക്ഷ്യത്തിൽ നിന്ന് കൂടെ കാര്യങ്ങൾ കാണാൻ ശ്രമിക്കാനും, പരമാവധി അവരോട് സംസാരിക്കാനും, ഒരു സുഹൃത്തായിരിക്കാനും കഴിയണേ എന്നാണു പ്രാർത്ഥന.. ജോലി, യാത്രകൾ, മറ്റു കുടുംബഭാരങ്ങൽ, പ്രശ്നങ്ങൾ എന്നിവയ്ക്കിടയിൽ നമ്മുടെ തണൽ പറ്റി നിൽക്കുന്ന ഈ കൊച്ചു ജന്മങ്ങളെ മുഴുവനായും ശ്രദ്ധിക്കാൻ, അവർക്കു വേണ്ട പരിഗണനകൾ കൊടുക്കാൻ പലപ്പോഴും മറക്കുന്നു എന്നു തോന്നുമ്പോൾ ഞാൻ അച്ഛനെ ഓർക്കും.. ഇതിലും പുരുഷ കേന്ദ്രീകൃതമായിരുന്നൊരു വ്യവസ്ഥയിൽ ജീവിച്ച് ഒന്നിലധികം ഭാരങ്ങൾ ഒരേസമയം വലിച്ച്, ആ റോളുകൾ ഭംഗിയായി ചെയ്തിരുന്ന അച്ഛൻ ഒരു പ്രചോദനം തന്നെയാണ്.

എന്നും, എവിടേയ്യും എപ്പോഴും ആദരിക്കപ്പെടുന്ന   മാതൃത്വത്തിൽ നിന്നും വിഭിന്നമായി ,  ക്ഷമയും, സ്നേഹവും, ആവോളമുണ്ടെങ്കിലും  പിതൃത്വം തിരിച്ചറീയപ്പെടാൻ മറ്റൊരു പിതൃത്വം തന്നെ വേണം..... ഒരു പക്ഷേ നിങ്ങളുടെ   കാലശേഷമായിരിക്കാം നിങ്ങളുടെ സ്നേഹം തിരിച്ചറിയപ്പെടുന്നത്..  അതുകൊണ്ടുതന്നെ ആസ്വദിക്കൂ...ഇപ്പോഴുള്ള നിങ്ങളുടെ പൈതൃകം.... അച്ഛൻ / അപ്പൻ / ഉപ്പ എന്ന നിങ്ങളെ സ്വയം... 

*
കാർ സിഗ്നലിൽ നിന്നു നീങ്ങിത്തുടങ്ങി..വലതുവശത്ത്ചില്ലിലൂടെ ഒമ്പതുവയസ്സുകാരൻ മകൻ നിരത്തിലൂടൊഴുകുന്ന മറ്റു വാഹനങ്ങൾ നോക്കി രസിക്കുകയാണു.. കാറുകൾ അവനൊരു ഹരമാണു.. രണ്ടോ മൂന്നോ വയസ്സിലുണ്ടായിരുന്ന ടോയ് കാറുകൾ പോലും എടുത്തു കളയാൻ അവൻ സമ്മതിക്കില്ല...

അച്ഛാ.. വിച്ചു നീട്ടി വിളിച്ചു...
ഊം..പറേടാ കുട്ടമണീ...
"ഈ ലെക്സസ് ഏതു കണ്ട്രിയിൽ ഉണ്ടാക്കുന്നതാ.."
ജാപാൻ.. ഇനി ഒരു നിര ചോദ്യങ്ങളായിരിക്കുമല്ലോ ഭഗവാനേ എന്നോർത്തു..ക്ഷമകിട്ടാൻ ഞാൻ അച്ഛനെ ഓർത്തു..

അച്ഛാ.. വീണ്ടും പുത്രന്റെ നീട്ടി വിളി...
ഊം..പറ..
അയാം ഹാപ്പി അച്ഛാ..
വൈ?
എന്നെ ക്രികറ്റ് കോച്ചിങ്ങിനു ചേർത്തില്ലേ..താങ്ക്യൂ അച്ഛ.
ഹ്ം..ബട്ട് യു ഹാവ് റ്റു ബി എ ഗുഡ് ബോയ്..ഓൾവേയ്സ്..
ഷുവർ അച്ചാ.."അച്ഛനു ഞാൻ വലുതാവുമ്പോ ലെക്സസ് വാങ്ങിത്തരണോ..അതോ ബീയെംഡബ്ലിയു എക്സ്-5 വാങ്ങിത്തരണോ"

"അച്ഛൻ വയസായി ആശുപത്രിയിൽ പോവണം എന്നു പറയുമ്പോ, നീയൊരു ഓട്ടോയെങ്കിലും വിളിച്ചു തന്നാൽ മതി.."

ഒമ്പതുവയസ്സുകാരന്റെ കണ്ണടയ്ക്കുള്ളിലൂടെദേഷ്യം നിറഞ്ഞ ഉണ്ടക്കണ്ണുകൾ നോക്കി ഞാൻ പൊട്ടിച്ചിരിച്ചു... കാർ അതിവേഗം മുന്നോട്ടു നീങ്ങി...  കാലമുരുളുന്ന പോലെ തൊട്ടുമുന്നിലെ കാഴ്ചകളെ ഓർമ്മകളാക്കിക്കൊണ്ട് ..

Read more...

ഇടിവാള്‍ ഓണ്‍ റെക്കോര്‍‌ഡ്

Sunday, November 14, 2010

നമസ്കാരം.- ഇടിവാള് ഓണ്‍ റെക്കോര്ഡിലേക്ക് സ്വാഗതം.

കേരളത്തെയാകമാനം പിടിച്ചുലച്ചുകൊണ്ടിരിക്കുന്ന സൈബര്കേസുകളെപ്പറ്റിയാണിന്നത്തെ സംവാദം. നമ്മുടെ കൂടെ ഈ ചര്ച്ചയില് പങ്കെടുക്കുന്നത് ഇവരാണ്.

1) സഖാവ്. വിഷ്ണുദത്തന് നമ്പൂതിരി- ഇദ്ദേഹം കുന്നത്തുള്ളി മുന് സിപിയെം ബ്രാഞ്ച് സെക്രട്ടറിയും ഇപ്പോള് കുന്നത്തുള്ളി ഭഗവതീ ക്ഷേത്രത്തിലെ മേല്ശാന്തിയുമാണ്.
2) ശ്രീ. കൂരിക്കുഴി സദാനന്ദന്. പ്രസിദ്ധ കോങ്ക്രിസ് നേതാവും, ഈയിടെ പ്രമാദമായ കൂരിക്കുഴി വില്ലേജോഫീസ് ആധാരം കൈക്കൂലിക്കേസില് പ്രതി ചേര്‍‌ക്കപ്പെട്ട ശ്രീ ഗാന്ധിയന് സദാനന്ദന്
3) ഫാദര് ടോമിന് കുരിശിങ്കല്. മുല്ലത്തര കുരിശുപള്ളിയിലെ സര്വ്വ പ്രധാനിയായ വൈദികന്
4) ശ്രീ. കെ. ഗോപാലരാമന്, സയന്റിസ്റ്റും, ഐയെസാറോവില് ഒരു ജോലികിട്ടണമെന്ന ആഗ്രവുമായി നടക്കുന്ന മുല്ലശ്ശേരി പഞ്ചായത്തിന്റെ അഭിമാനവുമായ ശ്രീ.ഗോരാ എന്ന വിളിപ്പെരില് അറിയപ്പെടുന്ന പ്രശസ്ത പണ്ഢിതനും വാഗ്മിയും.
5) ജെയ്സണ് വെങ്കിടങ്ങ്. എന്നെങ്കിലും സ്മാര്ട്ട് സിറ്റി വന്നാല് അതിലേ ഏതെങ്കിലുമൊരു ഐറ്റി കമ്പനിയില് എന്തെങ്കിലുമൊരു ജോലി കിട്ടണേയെന്ന്നു പ്രാര്ഥിക്കുന്ന ഒരു ഐറ്റി മാസ്റ്റേഴ്സ് ബിരുധധാരി

പ്രേക്ഷകര്ക്കും, വേദിയിലെ സര്‍വ ശ്രേഷ്ഠര്ക്കും നമസ്കാരം.

നമസ്കാരം…( ലാത്സലാം എപ്പോഴും സ്തുതിയായിരിക്കട്ടേ, നമസ്തേ .. എന്നീ മറുപടികള് വേദിയിലെ സര്‍‌വശ്രേഷ്ഠരില് നിന്നും മൈക്കില് അലയടിക്കുന്നു)

മോഡറേറ്റര്- (മോ): ആദ്യമായി ശ്രീ സഖാവ്. ശ്രീ. നമ്പൂതിരിയില് നിന്നും തുടങ്ങാം.. സഖാവ് നമ്പൂതിരി, സൈബര് കേസുകളെക്കുറിച്ച് താങ്കളുറ്റെ അഭിപ്രായമെന്താണ്?


സഖാ.ന: ലാത്സലാം. ഈ സഖാവ് നമ്പൂതിരി സഖാവ് നമ്പൂതിരി എന്നു വിളിക്കുന്നത് താങ്കള്ക്കും പ്രേക്ഷകര്ക്കും അല്പം ബുദ്ധിമുട്ടാവില്ലേ.അതുകൊണ്ട് തിരുമേനീന്നൂ വിളിച്ചാല് മതി. ഈയിടെ അതു കേട്ടാ ശീലം.

മോഡ: ശരി തിരുമേനി.. എന്താണു തിരുമേനിക്ക് പറയാനുള്ളത്..?

തി.മേ: (തിരുമേനി) : സൈബര് കേസ് എന്നത് ഒരു ബിംബം മാത്രമാണ്. ഫാസിസ്റ്റ് സാമ്രാജ്യത്വ ശക്തികളെ ഛിന്നഭിന്നമാക്കുക എന്ന political stance ജനകീയ പ്രസ്ഥാനങ്ങളുടേയും ജനകീയ സംഘടനാധിഷ്ഠിതമായ പ്രസ്ഥാനങ്ങളുടേയും താത്വികമായ , ലിംഗിസ്റ്റിക്കലായ ഒരു സെക്വ്യൂലിറിസ്റ്റിക് ആവശ്യകതയാണെന്നു പൌരാധിഷ്ഠമായ ഒരു സമൂഹത്തിലെ സാംക്രമികതളെക്കുറിച്ച്….

മോഡ: തിരുമേനീ.. .. ഈ പരിപാടി കേരളത്തില് മാത്രമേ ചര്ച്ച ചെയ്യുന്നുള്ളൂ.. ചൈനീസില് പറയണമെന്നില്ല.. മലയാളം മതി..

തി.മേ: ശരി.. ആത്യന്തികമായി, സൈബര് നിയമങ്ങള് കരിനിയമങ്ങള് തന്നെയാണു. ഭഗവതിക്കു ഞാന് അര്‍‌പ്പിക്കുന്ന കരിം കൂവളപ്പൂ മാലകള് പോലെ കരി പിടിച്ചവയാണിവ. പക്ഷേ, ഞങ്ങടെ സഖാവിനെ കരി തേച്ചു കാണിക്കാന് ഈ നിയമങ്ങള് ഉപയോഗപ്പെടുത്തുന്നു എന്നത് തികച്ചും ആശ്ചര്യ ജനകമാണ്. ഇതിനു പിന്നില് ഇസ്രയേലിന്റെ കറുത്ത ഫാസിസ്റ്റ് കരങ്ങളോ, അമേരിക്കന് സാമ്രാജ്യത്വ താല്പര്യങ്ങളോ ആവാനേ വഴിയുള്ളൂ.

മൊഡേ: തിരുമേനി.. ശരി സമ്മതിച്ചു. പക്ഷേ ഇതുപൊലൊരു സില്ലി കേസിനെ കുത്തിപ്പൊക്കേണ്ട ആവശ്യമുണ്ടോ എന്നു ചോദിച്ചാല് തിരുമേനി എന്തു പറയും?

തിമേ: യധാ യധാ ഹി ധര്മ്മ്യസ്യ ഗ്ലാനിര്ഭതി ഭാരതി എന്നല്ലേ… കര്മ്മം ചെയ്യുക..ഫലം ഇച്ചിക്കരുത്. കേസു കൊടുക്കുക എന്നത് ഒരു ആവശ്യമായിരുന്നു. ഈ ഡേഷുകളെ ഒന്നു പേടിപ്പിക്കണം. ഇനിയെങ്കിലും ലവമ്മാര്‍ ഇതുപോലൊന്നു ചെയ്യില്ലല്ലോ?

മോഡ: അല്ല തിരുമെനീ.. പാര്‍ട്ടി തോറ്റതുകൊണ്ടല്ലേ ഇങ്ങനെ ആള്ക്കാര് കളിയാക്കുന്നത്?

തി.മേ: അങ്ങനെ ചിന്തിക്കുന്നവര്ക്ക് എന്റെ നല്ല നമസ്കാരം (ഉത്തരം മുട്ടുമ്പോള് ഞങ്ങള് ഈ സ്റ്റൈലാ) പക്ഷെ, സത്യത്തിന്റെ മുഖം സൈബര് കേസിനേക്കാള് ഭീകരമാണു. ഓരോ ഇലക്ഷന് കഴിയുമ്പോഴും, ഇതുപോലെ പാര്ട്ടിയെ താറടിക്കാന് നടത്തുന്ന ശ്രമങ്ങളെ പ്രതിരോധിക്കേണ്ടത് ഒരു ഗിമ്മിക്ക് എന്നതിലുപരി അനിവാര്യതയിലേക്കാണു വിരല് ചൂണ്ടുന്നത്. അഭിപ്രായം പറയണമെന്നു ശതിക്കുന്നവരെ ഇരുമ്പുലക്കക്ക് അടിക്കണമെന്നാണല്ലോ ചൈനീസ് പ്രമാണം. ഞങ്ങളത് ഇടക്ക് സ്റ്റേജില് നിന്നും വീഴ്ത്തിച്ച് ചെയ്യുന്നതില് നിന്നും രക്ഷപ്പെടാനാണീ നാറികള് സൈബര് ലോകത്തിലൂടെ പ്രതികാരം ചെയ്യുന്നത്. സത്യത്തില് ചൈന ഇറാന് എന്നീ രാജ്യങ്ങളെപ്പോലെ ട്രാന്സ്പെരന്റായ ഒരു ഓണ്ലൈന് ലോകമാണു നമുക്ക് വേണ്ടത്.. എന്തഭിപ്രായവും തുറന്നു പറയരുത്.. കിണ്ണു വീഴും എന്നു ജനത്തിനൊരു പേടി വേണം. അതു കൊണ്ടു തന്നെ സൈബര് കരി നിയമങ്ങള് ഒന്നു കൂടി കര്‍ശനമാക്കണം എന്നാണെനിക്കു പറയാനുള്ളത്. വര്ഗ്ഗീയപരമായ് ഒരു കണ്സോളിഡേഷന് തടയാന് സൈബര് നിയമങ്ങള് അനിവാര്യം തന്നെയെന്നേ പരയാനുള്ളൂ.

മോഡ: ശരി തിരുമെനി..അല്പം ഗ്യാപ്പു തരാം… ശ്രീ കൂരിക്കുഴി സദാനന്ദന് ..സൈബര് കേസുകളെക്കുറിച്ച് താങ്കള് എന്തു പറയുന്നു?

കൂ.സ: സൈബര് കേസുകള് വളരെ പ്രഫുല്ലവും, പ്രാജ്ജ്വലികവും പ്രായോഗികവും തന്നെയാണെന്ന അഭിപ്രായക്കാരനാണു ഞാന്. സത്യത്തില് പ്രതിപക്ഷം ചെയ്യേണ്ടതിനേക്കാള് ആക്റ്റീവായി, ഭരണപക്ഷത്തിന്റെ ഇമേജിനെ താറടിക്കാന് ഈ സൈബര് കേസുകള് ഒട്ടൊന്നുമല്ല സഹായകരം. സൈബര് കേസ് (ഐ) എന്ന് വേണമെങ്കില് ഇതിനെ നാമീകരിക്കാം എന്നുകൂടി എനിക്ക് അഭിപ്രായമുണ്ട്… കാലാനുസൃതമായി, സൈബര് കേസ് (ഏ) സൈബര് കേസ് (തിരുത്തല് വാദ്), സൈബര് കേസ് (പന്നിത്തല) എന്നീ ഉപനിയമങ്ങള് കൂടി കൂട്ടിച്ചേര്ക്കേണ്ടതാണ്. ഈ നിഷ്ക്ക്രിയത്വത്തിലും പ്രതിപക്ഷത്തിനു പ്രോത്സാഹനമേകുന്ന , മാധ്യമ ബൂര്ഷ്വകളെ തടിച്ചു കൊഴുപ്പിക്കുന്ന (സോറീ..ഞാന് പണ്ടു എസ്സെഫൈ ആയിരുന്നു..അതാ) ഭരണപക്ഷത്തിന്റെ സെല്ഫ് ഗോളുകള് എന്നു വേണമെങ്കില് സൈബര് കേസുകളെ വിശേഷിപ്പിക്കാം. തത്വത്തില്, ഓരോ അഞ്ചു വര്ഷത്തിലും സൈബര് കേസുകള് ജയിക്കുമ്പോള് നമ്മള് തോല്ക്കുന്നു..നമ്മള് തോല്ക്കുമ്പോള് സൈബര് കേസുകള് ജയിക്കുന്നു എന്നും പറയാം.

മോഡ : ഫാദര് കുരിശിങ്കല്..എന്താണ് അങ്ങേക്കു പറയാനുള്ളത്?

ഫാ.കു: സത്യത്തില് ഇതു കെട്ടപ്പോള് ഞാന് അത്ഭുത സ്തബ്ദ്ധനായി.. ഈ വേളയില്..ഈ അവസരത്തില് സാന്ദര്‍ഭികമായി ഞാന് സിസ്റ്റര് മരിയയെ ഓര്ത്തു പോകുന്നു. ഒരു ഈ-മെയില് നെതിരെ പരാതി കൊടുക്കാം എന്നു അവര്ക്ക് അറിയാമായിരുന്നില്ല എന സത്യത്തെ ഞാന് ഒരു നെടുവീര്പ്പോടെ ആശ്വാസപൂര്വ്വം അംഗീകരിക്കുന്നു. ഒരുപാടു ഈമെയിലുകള് അയച്ച് ക്ഷമ കെട്ട്, സിസ്റ്റര് മരിയക്കെതിരെ , അവഗണനക്കെതിരെ വല്ല സൈബര് കേസും കൊടുക്കാന് സ്കോപ്പുണ്ടോ എന്നാണു ഞാനിപ്പോള് ആലോചിക്കുന്നത്. പക്ഷേ രാഷ്ട്രീയക്കാര് ഈ സംവിധാനത്തെ ദുരുപയോഗം ചെയ്യുന്നത് കണ്ടുനില്ക്കാന് എനിക്കാവുന്നില്ല. അടുത്ത ഇടയ ലേഖനത്തില് തീര്ച്ചയായും ഇതേക്കുറിച്ച് പ്രതിപാദിക്കണമെന്നു അരമനയിലേക്ക് ശ്രദ്ധ ക്ഷണിക്കും.

മോഡ: ഫാദര്.. താങ്കളുടെ സമൂഹത്തെ ഈ ബാധയില് നിന്നും എങ്ങനെ രക്ഷിക്കുമെന്നാണ് താങ്കള് പ്രതീക്ഷിക്കുന്നത്?

ഫാ.കു: കര്ത്താവു ചുമന്നതിനേക്കാള് വലിയൊരു കുരിശാണിത് എന്നു പറയാതിരിക്കാനാവുന്നില്ല. ഇടയലേഖനങ്ങള് മാത്രം മതിയാവില്ലെന്നാണ് എന്റെ മനസാക്ഷി പറയുന്നത്. പാവറട്ടി മഠത്തിലെ ഓരോ സിസ്റ്റര്മാരെയും പ്രത്യേകം പ്രത്യേകം ക്ഷണിച്ചു വരുത്തി ഇതിന്റെ സൈഡ് എഫക്റ്റുകളെക്കുറിച്ച് ഒരു സ്റ്റഡി ക്ലാസ് നടത്താനും ഞാന്‍ തയ്യാറാണെന്ന ആവശ്യം അടുത്തു തന്നെ രൂപതായില്‍ ഉന്നയിക്കും . കൂടാതെ, ഇന്റെര്നെറ്റ് എടുക്കാന് ഉദ്ദേശിക്കുഇന്ന ഓരോ കുടുംബവും പള്ളിയില് അതു റജിസ്റ്റര് ചെയ്യണമെന്നു ഞാന് അപേക്ഷിക്കുന്നു. ഇതിലെ നൂലാമാലകളെപ്പറ്റി പ്രീമാരിറ്റല് കോഴ്സിനെപ്പോലെ, ഒരു പ്രീ-ഇന്റെര്നെറ്റ് ഇന്റെര്-കോഴ് സ് കൂടി നടത്തണം എന്നും എനിക്ക് ആഗ്രഹമുണ്ട്..

മോഡ്: നന്ദി..ഫാദര്.. ശ്രീ..ഗോപാലരാമന്..അങ്ങേക്കിതിനെപറ്റി എന്താണു പറയാനുള്ളത്?

ഗോ.രാ: ഭാരതീയ സനാതന് ധര്മ്മധാരകളില് അചിന്തൈകവമായ പൌരാണിക സംശ്ലേഷണകളുടെ ഒരു ചിന്തനീയമായ ബഹിര്സ്ഫുരണങ്ങലില്, ഉത്തേജിതമായ കാന്തികവലയങ്ങളില്, അഭൌമമായ…

മോഡ: സാര്..സംസ്കൃതം വേണമെന്നില്ല മലയാളം മതി..

ഗോരാ: സത്യത്തില് ഇന്റെര്നെറ്റു തന്നെ ഒരു അധികപറ്റല്ലേ. കാന്തിക പ്രഭാവങ്ങളുറ്റെ ഒരു വയര്ലെസ്സ് ശ്രേണിയല്ലേ ഈ നെറ്റ് വര്ക്ക്? വൈഫൈ കണക്ഷനെടുത്ത് , അതേ കണക്ഷനിലൂറ്റെ തന്നെ ബ്ലോഗറില് ലോഗിന് ചെയ്ത്, എന്റെ സനാതന സിദ്ധാന്തങ്ങളായ കാന്തിക പ്രഭാവത്തിനെതിരെ തെറി വിളിച്ച് പിഡിയെഫ് ഇറക്കുന്ന കാപാലികര് ഉണ്ടെന്നു ശ്രദ്ധിക്കുമല്ലോ? സനാതന പൌരാണിക ചിന്തകളുടെ (SPC- Act 506) നഗ്നമായ ലംഘനമല്ലേ ഇത് ? ഇവന്മാരെ സൈബര്‍ കേസു കൊടുത്ത് അമ്പെയ്ത് കൊല്ലേണ്ടതല്ലേ? യൂറ്റ്യൂബ് മാത്രമാണു എല്ലാം തികഞ്ഞ ഇന്റെര്നെറ്റ് സൈറ്റ് എന്റെ അഭിപ്രായം.. പിഡിയെഫ് എന്ന ഫോര്‍മാറ്റു തന്നെ നിരോധിക്കണം. ബ്ലോഗിലെ ചെല കൂതറകളൊക്കെ അനുഭവിക്കണം!

മോഡ: അതെന്ത്ണു സാര്..യൂറ്റ്യൂബ് മാത്രം ന്നു പറഞ്ഞത് ?

ഗൊരാ: അല്ല, എന്റെ സനാതനപൌരാണിക ചിന്തകളുടെ വീഡിയോ അപ്ലോഡ് ചെയ്യാന്‍ തന്റെ പിതാമഹന് സൈബര്‍ സ്പേസു തരുമോടോ?

മോഡ: സോറി സര്.. അതോര്ത്തില്ല .. ശ്രീ. ജെയ്സണ് വെങ്കിടങ്ങ്… അങ്ങയുടെ അഭിപ്രായം എന്താണു സൈബര് കേസില്?

ജെ.വെ: ഹെന്റെ ചേട്ടാ.. 4 കൊല്ലമായി ഒരു പണിയുമില്ലാണ്ടെ, പല ബ്ലോഗിലും കമന്റിട്ട്, അതിനൊക്കെ പല അനോണിക്കമന്റ് തെറിയും കേട്ട് ചെവി തഴമ്പിച്ച എനിക്കു പോലും സൈബര് കേസ് എന്നൊരൈഡിയ തോന്നിയിട്ടില്ല. അയാം ബിമ്യൂസ്ഡ്..സത്യം! ഈ കേസ് കൊടുത്തവനും, ഇതേപറ്റി ന്യായീകരിക്കുന്നവനും, വിമര്ശിക്കുന്നവനുമൊക്കെ വേറേ പണിയില്ലേ?… ഫോര്‍വേഡ് ചെയ്യുന്ന മെയിലിനല്ലേ പ്രശ്നം? കൊച്ചീലു സ്മാര്ട്ട് സിറ്റി തുടങ്ങി , ഞാനതിന്റെ സി.ഇ.ഓ ആയിത്തീര്ന്നാല്, ഗൂഗിളിലെ “forward” എന്ന ഓപ്ഷന് ഞാനങ്ങു കാന്സല് ചെയ്യും.. പോരേ? പോകിനെടാ മ..മ..മ*&^%$^*)(^&*!

(മോഡ: (തലകറങ്ങി വീണതിനാല് പരിപാടി ശുഭം)

Read more...
© The contents on this site are licensed under Creative Commons License.
The opinions expressed here through comments by the readers are their own and do not necessarily reflect the views of the owner of the blog and No responsibility is taken by the blog Owner in case of any dispute on any remarks. the respective individuals who made the comments would be solely resposible for anything untoward that may occur and expected to handle the any such consiquences themselves.